Friday, January 10, 2025
National

ഗവർണർ വൈകി, കാത്തുനിൽക്കാതെ പറന്നുയർന്ന് എയർഏഷ്യ വിമാനം; പ്രോട്ടോക്കോൾ ലംഘനമെന്ന് പരാതി

കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിനെ കയറ്റാതെ എയർഏഷ്യ വിമാനം പറന്നുയർന്നതായി പരാതി. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഗവർണർ വൈകിയതിനാലാണ് വിമാനം പറന്നുയർന്നതെന്നാണ് അധികൃതരുടെ വാദം. സംഭവത്തിൽ ഗവർണറുടെ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ, ഹൈദരാബാദിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്ന എയർ ഏഷ്യ വിമാനത്തിൽ ഗവർണർക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയർഏഷ്യ വിമാനം വന്നയുടൻ അദ്ദേഹത്തിൻ്റെ ലഗേജ് അതിൽ കയറ്റുകയും ചെയ്തു. എന്നാൽ ഗവർണർ വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും 10 മിനിറ്റ് വൈകി. വിഐപി ലോഞ്ചിൽ നിന്ന് വിമാനം കയറാൻ എത്തുമ്പോഴേക്കും വിമാനം ഹൈദരാബാദിലേക്ക് പുറപ്പെടുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു.

സംസ്ഥാനത്തെ പ്രഥമ പൗരനായ തന്നോട് അനാദരവ് കാട്ടിയതിൽ ഗവർണർ അതൃപ്തി രേഖപ്പെടുത്തി. കൂടാതെ മര്യാദ ലംഘിച്ച എയർ ഏഷ്യയ്ക്കും എയർപോർട്ട് ഉദ്യോഗസ്ഥർക്കും എതിരെ നിയമനടപടി സ്വീകരിക്കാൻ രാജ്ഭവനിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർമാരോട് ഗവർണർ ഉത്തരവിട്ടു. ഇതിന് ശേഷം 3.30ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട മറ്റൊരു എയർ ഏഷ്യ വിമാനത്തിലാണ് ഗവർണർ യാത്ര ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സമഗ്രമായ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും എയർലൈൻസ് അറിയിച്ചു. “സംഭവത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നു. അന്വേഷണം നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. എയർലൈനിന്റെ മുതിർന്ന നേതൃത്വ സംഘം ഗവർണറുടെ ഓഫീസുമായി ബന്ധപെട്ടു”- എയർഏഷ്യ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *