Thursday, April 10, 2025
National

രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോ‍ഡോ യാത്ര ഇന്ന് പുനരാരംഭിക്കും; യാത്ര കടന്നുപോകുന്നത് ഭീകരാക്രമണം ഉണ്ടാവുന്ന മേഖലയിലൂടെ

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപ്പോരയിലെ നമ്പാൽ മേഖലയിൽ നിന്ന് രാവിലെ 9 മണിക്കാണ് യാത്ര പുറപ്പെടുന്നത്. തുടർച്ചയായി ഭീകരാക്രമണങ്ങൾ ഉണ്ടാവുന്ന മേഖലയിലൂടെയാണ് ഇന്നത്തെ രാഹുൽ​ ഗാന്ധിയുടെ യാത്ര. മികച്ച സുരക്ഷ ഉറപ്പാക്കാമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചതായി മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാൽ പറഞ്ഞു. യാത്രയിൽ വലിയ സ്ത്രീ പങ്കാളിത്തമുണ്ടാകുമെന്നാണ് കോൺ​ഗ്രസിന്റെ പ്രതീക്ഷ.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ ജമ്മുകശ്മീർ പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെയും ഒപ്പമുള്ളവരുടേയും സുരക്ഷ ഉറപ്പാക്കാത്തതുകൊണ്ടാണ് ജോഡോ യാത്ര താത്ക്കാലികമായി പിൻവലിക്കേണ്ടി വന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. സുരക്ഷാ ചുമതലയിലുള്ള സിആർപിഎഫ് ഉദ്യോഗസ്ഥർ പിന്മാറിയ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തി വച്ചിരുന്ന ഭാരത് ജോഡോ യാത്രയാണ് ഇന്ന് പുനരാരംഭിക്കുന്നത്.

രാവിലെ ജമ്മുവിൽ നിന്ന് യാത്ര തുടങ്ങി ബനിഹാൽ ടവറിൽ വച്ച് സുരക്ഷ പിൻവലിച്ചെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. സുരക്ഷ നൽകുന്നുണ്ടെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയാണ് തങ്ങൾ കോൺഗ്രസിനെ അറിയിച്ചതെന്നുമാണ് സിആർപിഎഫിന്റെ വിശദീകരണം. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പൊലീസ് പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നുവെന്നും കൂട്ടമായെത്തിയ ജനത്തെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് ജോഡോ യാത്ര നിർത്താൻ തീരുമാനിച്ചതെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *