കർഷക പ്രക്ഷോഭം തുടരുന്നതിനിടയിൽ ഒരാൾകൂടി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസ്സാക്കിയ കർഷക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ കർഷക പ്രക്ഷോഭം തുടരുന്നതിനിടയിൽ ഒരാൾകൂടി ആത്മഹത്യ ചെയ്ത. അഡ്വ.അമർജീത്ത് സിങ്ങാണ് ആത്മഹത്യ ചെയ്തത്.
തിക്രി അതിർത്തിയിലെ സമരസ്ഥലത്ത് വെച്ചാണ് അമർജീത്ത് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ചാണ് അമർജീത്ത് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിയെ കത്തിൽ ഏകാധിപതിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ജനങ്ങൾ അവരുടെ ആഹാരത്തിന് വേണ്ടി നടത്തുന്ന സമരത്തെ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് താൻ ആത്മാഹുതി ചെയ്യുന്നതെന്നും അദ്ദേഹം കത്തിൽ വിശദീകരിക്കുന്നുണ്ട്.
കർഷക പ്രക്ഷോഭം ആരംഭിച്ച ശേഷമുളള മൂന്നാമത്തെ ആത്മഹത്യയാണ് അമർജീത്തിന്റേത്. ജലാലാബാദ് ബാർ അസോസിയേഷൻ ഭാരവാഹി കൂടിയാണ് അദ്ദേഹം. കർഷകൻ കൂടിയായ അമർജീത്ത് നിരവധി ദിവസങ്ങളായി ഇവിടെയുണ്ടായിരുന്നു.
കർഷക പ്രക്ഷോഭത്തിൽ പങ്കാളിയായിരുന്ന ഹരിയാണ ഗുരുദ്വാരയിലെ പുരോഹിതനായിരുന്ന ബാബാ രാം സിങ് ആത്മഹത്യ ചെയ്തിരുന്നു. കർഷകരോട് കേന്ദ്ര സർക്കാർ നീതികാണിക്കുന്നില്ലെന്നാരോപിച്ചാണ് ബാബ ആത്മഹത്യ ചെയ്തത്. കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ 22കാരനായ പഞ്ചാബിലെ കർഷകൻ ഗുർലഭ് സിങ്ങും ആത്മഹത്യ ചെയ്തിരുന്നു