മധ്യപ്രദേശിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു, അമ്മയെ നഗ്നയാക്കി: 8 പേർ അറസ്റ്റിൽ
മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദളിത് യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്നു. നിഥിൻ അഹിർവാർ എന്ന 18 കാരനാണ് കൊല്ലപ്പെട്ടത്. നിഥിന്റെ സഹോദരി നൽകിയ ലൈംഗികപീഡന കേസ് പിൻവലിക്കാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയെ പ്രതികൾ നഗ്നയാക്കിയെന്നും ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു.
2019 ൽ നിഥിൻ്റെ സഹോദരി വിക്രം സിംഗ് താക്കൂർ എന്ന ആൾക്കെതിരെ ലൈംഗിക പീഡന കേസ് നൽകിയിരുന്നു. അന്നുമുതൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ നിഥിൻ്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ വീട്ടുകാർ കേസുമായി മുന്നോട്ട് പോയി. തർക്കം രൂക്ഷമായതോടെ വിക്രം സിംഗും സംഘവും വ്യാഴാഴ്ചയോടെ നിഥിന്റെ വീട് ആക്രമിച്ചു. ശേഷം നിഥിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി.
മകനെ മർദിക്കുന്നത് തടയാനെത്തിയ അമ്മയെ പ്രതികൾ നഗ്നയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മുഖ്യപ്രതിയടക്കം എട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഗ്രാമത്തലവന്റെ ഭർത്താവ് ഉൾപ്പെടെ പ്രതികളിൽ ചിലർ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ ബിജെപി സർക്കാരിനെ കടന്നാക്രമിച്ച ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി രംഗത്തെത്തി.
: