അതിശക്തമായ മഴയില്‍ ഉത്തരേന്ത്യ; മുബൈയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
ഉത്തരേന്ത്യയെ ആശങ്കയിലാക്കി അതിശക്തമായ മഴ തുടരുന്നു. പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ യമുനയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മുംബൈയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്. നിലവില്‍ മുംബൈ രത്‌നഗിരി, റായ്ഗഡ് എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്നത്. ജമ്മുവിലെ ശ്രീനഗറില്‍ ഇന്നലെ രാത്രി അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ജൂണ്‍ 24ന് ആരംഭിച്ച മണ്‍സൂണില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രം ഏകദേശം അറുനൂറിലധികം വീടുകള്‍ തകര്‍ന്നു.
അതേസമയം ദക്ഷിണേന്ത്യയിലും മഴ ശക്തിപ്രാപിക്കുകയാണ്. കേരളത്തില്‍ ഇന്നും ഇടവേളയോട് കൂടിയ മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളത്തോടെ വീണ്ടും കാലവര്‍ഷം ദുര്‍ബലമായേക്കും. തെക്കന്‍ കൊങ്കണ്‍ തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യുന മര്‍ദപാത്തി ദുര്‍ബലമായി.
ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.