‘മണിപ്പൂരിനെ സഹായിക്കാൻ ഞങ്ങളോടൊപ്പം സഹകരിക്കൂ’; ജനങ്ങളോട് സൈന്യം
അക്രമം രൂക്ഷമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കണമെന്ന് സൈന്യം ജനങ്ങളോട് അഭ്യർത്ഥിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്തെ വനിതാ ആക്ടിവിസ്റ്റുകൾ സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളിൽ ബോധപൂർവം ഇടപെടുകയും വഴി തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നും സൈന്യം ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞദിവസം 1,200 സ്ത്രീകള്‍ ചേര്‍ന്ന് സൈന്യത്തെ തടഞ്ഞ് അക്രമകാരികളെ മോചിപ്പിച്ചതിനെ കുറിച്ചാണ് സൈന്യത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. സ്ത്രീകള്‍ സൈനികരെ തടഞ്ഞ സംഭവത്തിലെ വിശദീകരണ വീഡിയോയും സൈന്യം ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ‘മനുഷ്യത്വമുള്ളത് കഴിവുകേടല്ല’ എന്ന ടൈറ്റിലോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അക്രമകാരികള്‍ സ്ത്രീകളെ മനുഷ്യ കവചമാക്കി ഉപയോഗിക്കുയാണെന്ന് സൈന്യം വീഡിയോയില്‍ പറയുന്നു.
‘നിർണായക സാഹചര്യങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് സുരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ ആവശ്യമാണ്. എന്നാൽ ഇത്തരം അനാവശ്യ ഇടപെടലുകൾ ദോഷകരമാണ്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ എല്ലാ വിഭാഗം പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു’ – സൈന്യം ട്വിറ്ററില്‍ കൂട്ടിച്ചേത്തു.