നെഞ്ചുവേദന : സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊൽക്കത്ത : നെഞ്ചു വേദനയെ തുടര്‍ന്ന് ബി സി സി ഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്.
സഹായിക്കൊപ്പം സ്വന്തം കാറിലാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്ന് ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയിലേക്ക് എത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.
നേരത്തെ ജനുവരി ആദ്യ വാരം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതമാണെന്ന് വ്യക്തമായതിന് പിന്നാലെ അന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്‌തിരുന്നു. ഹൃദയധമനിയിലെ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തിയതിൽ ഒരെണ്ണം നീക്കിയിരുന്നു. മറ്റ് രണ്ട് ബ്ലോക്കുകൾക്ക് ശസ്ത്രക്രിയ വേണ്ടതില്ലെന്നായിരുന്നു കൊൽക്കത്ത വുഡ്‌ലാൻഡ് ആശുപത്രിയിലെ ഡോക്‌ടർമാർ അറിയിച്ചിരുന്നത്.