Thursday, January 9, 2025
National

ഇഡി അധികാരങ്ങൾ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കും: സുപ്രീം കോടതി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരം ഉയർത്തിക്കൊണ്ടുള്ള ജൂലൈ 27 ലെ പിഎംഎൽഎ വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട കർശന വ്യവസ്ഥകളും, അന്വേഷണത്തിന്റെ ഭാഗമായി ഇഡി തയാറാക്കുന്ന പ്രഥമ വിവര റിപ്പോർട്ട് ആരോപണം നേടിരുന്ന വ്യക്തിക്കോ പ്രതിക്കോ നൽകേണ്ടതില്ല എന്ന നിർദേശവും പുനഃപരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകളുടെ ഭരണഘടനാസാധുത കഴിഞ്ഞ മാസമാണ് സുപ്രീം കോടതി അംഗീകരിച്ചത്. ഇഡിക്ക് വിപുലമായ അധികാരങ്ങൾ ലഭിക്കാൻ വഴിയൊരുക്കിയ ഈ വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക ഉത്തരവ്. തുറന്ന കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചത്.

ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിന് പുതിയൊരു ബെഞ്ച് രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പുനഃപരിശോധനാ ഹർജി നൽകിയവർക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു. കോൺഗ്രസ് എംപി കാർത്തി ചിദംബരം, കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി എന്നിവരുടേതുൾപ്പെടെ 241 ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ച് ഇഡിയുടെ അധികാരങ്ങൾ ശരിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *