ആര്യൻ ഖാൻ കേസിൽ വഴിത്തിരിവ്: 18 കോടി രൂപയുടെ ഡീൽ നടന്നതായി സാക്ഷി: നിഷേധിച്ച് എൻ.സി.ബി
ആര്യൻ ഖാനെതിരായ കേസിൽ ലഹരി മരുന്ന് വിരുദ്ധ ഏജൻസിയായ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സാക്ഷി ഏജൻസിക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചു. കേസിൽ കോടികളുടെ കൈക്കൂലി കൈപറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി എന്നാണ് എൻ.സി.ബിക്കെതിരെയും ആര്യൻ ഖാനൊപ്പമുള്ള സെൽഫിയിലൂടെ വൈറലായ സ്വകാര്യ അന്വേഷകൻ കെ പി ഗോസാവിക്കും എതിരെയുള്ള ആരോപണം.
18 കോടി രൂപയുടെ ഇടപാട് താൻ കേട്ടതായാണ് കെപി ഗോസാവിയുടെ സ്വകാര്യ അംഗരക്ഷകനാണെന്ന് അവകാശപ്പെടുന്ന പ്രഭാകർ സെയിൽ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്.
അതേസമയം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ ഈ ആരോപണം നിഷേധിക്കുകയും, ഉചിതമായ മറുപടി നൽകുമെന്ന് പറയുകയും ചെയ്തു.
ഒക്‌ടോബർ രണ്ടിന് മുമ്പ് പ്രഭാകർ സെയിലിനെ തങ്ങൾ കണ്ടിട്ടില്ലെന്നും അയാൾ ആരാണെന്ന് അറിയില്ല എന്നും എൻ.സി.ബി ഉദ്യോഗസ്ഥർ അവകാശപ്പെട്ടതായാണ് റിപ്പോർട്ട്. ഈ സത്യവാങ്മൂലം എൻഡിപിഎസ് കോടതിയിൽ എത്തിയാൽ അവിടെ മറുപടി നൽകും എന്നും ഉദ്യോഗസ്ഥർ പറയുന്നു.