Saturday, January 4, 2025
National

എല്ലാം സെറ്റ്, ഇനി പറക്കും വേഗം; ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യം 5ജിയിലേക്ക്, ഉദ്ഘാടനം മോദി

ദില്ലി: രാജ്യത്ത് ഫൈവ് ജി സേവനം ഒക്ടോബർ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നിന് ദില്ലിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോൺഗ്രസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫൈവ് സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്. ഒക്ടോബർ 12 മുതല്‍ ഫൈവ് ജി രാജ്യത്ത് ലഭ്യമാക്കുമെന്നാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ നഗരങ്ങളിലും പിന്നീട് ഗ്രാമമേഖലകളിലുമാണ് ഫൈവ് ജി സേവനം ലഭ്യമാക്കുക. ഈയടുത്താണ് ഫൈജ് സ്പെക്ട്രം ലേലം പൂര്‍ത്തിയായത്. ജിയോ, എയര്‍ടെല്‍ എന്നിവരാണ് കൂടുതല്‍ സ്പെക്ട്രം സ്വന്തമാക്കിയത്. ഫൈവ് ജി നടപ്പായാല്‍ രാജ്യത്തെ മൊബൈല്‍-ഇന്‍റര്‍നെറ്റ് രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമിടുക. ഫോര്‍ ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും ഇന്‍റര്‍നെറ്റ് വേഗത. ഫൈവ് ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക. ഫൈവ് ജി സേവനം ലഭിക്കാനായി നിലവിലെ ഫോര്‍ ജി സിം കാര്‍ഡ് മാറ്റേണ്ടെന്നാണ് എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്. 

ഇന്റർനെറ്റ് നെറ്റ്‌വർക്കിനെ ചെറു ഉപവിഭാഗങ്ങളായി വിഭജിക്കാമെന്നതാണ് 5ജി നൽകുന്ന സൗകര്യം. സർവ്വീസ് പ്രൊവൈഡർമാർക്ക് പ്രത്യേക മേഖലകളിൽ വേഗതയും നെറ്റ്‌വർക്ക് ഉപയോഗവും നിയന്ത്രിക്കാനും അതു വഴി ഉപയോക്താവിന് മെച്ചപ്പെട്ട സേവനം നൽകാനുമാകും. കൂടുതൽ ഉപകരണങ്ങൾ ഓൺലൈനാകും. വീട്ടിലെ ഫ്രിഡ്ജും എ സിയുമൊക്കെ ഇപ്പോൾ തന്നെ ഓൺലൈനായിക്കഴിഞ്ഞു. പുതിയ കാല സ്മാർട്ട് വാഹനങ്ങൾ സ്വന്തം സിം കാ‍ർഡും ഡാറ്റ കണക്ഷനുമായി നിരത്തിലിറങ്ങി തുടങ്ങിയിട്ടുമുണ്ട്. ഈ മാറ്റത്തിനെ അടുത്ത പടിയിലേക്കുയർത്തുന്നതാണ് ഫൈവ് ജി. ഒരു വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഉപകരവും ഓൺലൈനാകുന്ന കാലമാണ് ഇനി വരാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *