ഹംസഫർ എക്സ്പ്രസിൽ വൻ തീപിടിത്തം
തിരുച്ചിറപ്പള്ളി-ശ്രീ ഗംഗാനഗർ ഹംസഫർ എക്‌സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. ട്രെയിനിന്റെ ജനറേറ്റർ കോച്ചിലും അതിനോട് ചേർന്നുള്ള പാസഞ്ചർ കാറിലുമാണ് തീപിടിത്തമുണ്ടായത്. ഗുജറാത്തിലെ വൽസാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ആയിരുന്നു അപകടം.
ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. സൂറത്തിലേക്ക് പുറപ്പെട്ട തിരുച്ചിറപ്പള്ളി-ശ്രീ ഗംഗാനഗർ ഹംസഫർ എക്‌സ്‌പ്രസിൻ്റെ രണ്ട് എസി കോച്ചുകൾക്ക് തീപിടിക്കുകയായിരുന്നു. പവർ കോച്ചിൽ തീ പടർന്ന് തൊട്ടടുത്തുള്ള ബി1 കോച്ചിലേക്ക് പടരുകയായിരുന്നുവെന്നാണ് പൊലീസ് സൂപ്രണ്ട് കരൺരാജ് വഗേല പറയുന്നത്.
ബോഗിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ട്രെയിൻ നിർത്തി യാത്രക്കാർ എല്ലാവരും ഇറക്കി. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ സംഭവം യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് പിന്നിലെന്നാണ് സൂചന. തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.