കൊവിഡ്; ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു
രാജ്യത്ത് നടക്കാനിരുന്ന ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു. ചവറ മണ്ഡലത്തിൽ അടക്കം നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ലെന്ന് ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിലയിരുത്തി
സെപ്റ്റംബർ ഒമ്പതിനകം നടക്കേണ്ട എല്ലാ തെരഞ്ഞെടുപ്പുകളും മാറ്റിവെക്കാനാണ് തീരുമാനം. ചവറയിൽ സെപ്റ്റംബർ ഏഴിനകമാണ് ഒഴിവ് നികത്തേണ്ടത്. സംസ്ഥാനത്ത് ചവറ, കുട്ടനാട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. നിലവിൽ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും നിർബന്ധമെങ്കിൽ ആഗസ്റ്റിന് ശേഷം ആലോചിക്കാമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു
അതേസമയം കുട്ടനാട് മണ്ഡലം സംബന്ധിച്ച തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തിട്ടില്ല. 2016 മെയിൽ അധികാരമേറ്റ പിണറായി വിജയൻ സർക്കാരിന്റെ കാലാവധി 2021 മെയ് മാസത്തിൽ അവസാനിക്കാനിരിക്കുകയാണ്. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമേ സമയമുള്ളൂവെങ്കിൽ അവിടെ പിന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന ചട്ടവും തെരഞ്ഞെടുപ്പ് കമ്മീഷനിലുണ്ട്