2025-ലെ മഹാ കുംഭമേള; 2500 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ
ഉത്തർപ്രദേശ് സർക്കാർ ബുധനാഴ്ച അവതരിപ്പിച്ച ബജറ്റിൽ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ മഹാ കുംഭമേളയുടെ തയ്യാറെടുപ്പുകൾക്കായി 2,500 കോടി രൂപ അനുവദിച്ചു. 12 വർഷത്തിൽ ഒരിക്കലാണ് മഹാ കുംഭമേള നടക്കുന്നത്. അയോധ്യയിലെ മൂന്ന് പ്രവേശന റോഡുകൾ വീതികൂട്ടി യാത്രാസൗകര്യം വീണ്ടും മെച്ചപ്പെടുത്തുന്ന പരിപാടികൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
“അയോധ്യ ജില്ലയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ നിർമ്മാണത്തിലൂടെ ടൂറിസത്തിന്റെ വളർച്ചയ്ക്ക് സാധ്യതയുള്ളതിനാൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ മൂന്ന് പ്രവേശന റോഡുകൾ വീതികൂട്ടി മനോഹരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്,” ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി സുരേഷ് കുമാർ ഖന്ന പറഞ്ഞു. അയോധ്യ, വാരാണാസി, ചിത്രകൂട്, വിന്ധ്യാചൽ, പ്രയാഗ്‌രാജ്, നൈമിഷാരണ്യ, ഗോരഖ്പൂർ, മഥുര, ബതേശ്വർ ധാം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൂറിസം വികസനവും പുരോഗമിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
2022-23 വർഷത്തിൽ മഹാകുംഭമേളക്ക് വേണ്ടി 621.55 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. സംസ്ഥാനത്തെ മതപരവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഗ്രാന്റായി 50 കോടി അനുവദിച്ചു. മതപരമായ കേന്ദ്രങ്ങളിലേക്കുള്ള പ്രധാന റോഡുകളുടെ വികസനത്തിന് 1,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.