കർണാടക അതിർത്തിയിൽ 15 വയസ്സുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
കർണ്ണാടക: കാൽനട യാത്ര ചെയ്യുകയായിരുന്ന പതിനഞ്ച് വയസ്സുകാരനെ കടുവ കൊന്നു. കർണ്ണാടക എച്ച്.ഡി.കോട്ട താലൂക്ക് അന്തർസന്ത ബെല്ലി ഹഡി (വെള്ള) യിൽതാമസിക്കുന്ന കാള പുഷ്പദമ്പതിമാരുടെ മകൻ മഞ്ജു (15) വിനെയാണ് കടുവ കൊന്നത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം. മാനന്തവാടി മൈസൂർ റോഡിനോട് ചേർന്ന് ബെല്ലി ഹഡിയിലുള്ള മാസ്തമ്മ ക്ഷേത്രത്തിലേക്ക് പകൽ സമയം കൂട്ടുകാരുമൊത്ത്റോഡിലൂടെ നടന്ന് പോകുന്നതിന്നിടയിൽമഞ്ജുവിനെ കടുവ പിടികൂടുകയായിരുന്നു.കൂട്ടുകാർ ഓടി രക്ഷപ്പെട്ടു.കടുവ മഞ്ജുവിന്റെ ശരീരം വനത്തിനുള്ളിലേക്ക് പതിനഞ്ച് മീറ്ററോളം ദൂരംവലിച്ച് കൊണ്ട് പോവുകയും ചെയ്തു.നാട്ടുകാർ ശബ്ദമുണ്ടാക്കിയപ്പോൾ കടുവ വനത്തിനുള്ളിലേക്ക് പോവുകയായിരുന്നു. ബെല്ലി ഹഡി (വെള്ള) ആന വളർത്തൽ കേന്ദ്രത്തിന് സമീപം വെച്ചാണ് കുട്ടിയെ കടുവ പിടികൂടിയത്.മഞ്ജുവിനെ എച്ച്.ഡി.കോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.കേരള അതിർത്തിയായ ബാവലിയിൽ നിന്നും പത്ത് കിലോമീറ്റർ അകലെയാണ് ബെല്ലി ഹഡി. ജനുവരി 12 ന് വയനാട് മാനന്തവാടി പുതുശ്ശേരി വെച്ച് കടുവയുടെ ആക്രമണത്തിൽ പള്ളിപ്പുറത്ത് തോമസ് എന്ന സാലു മരണപ്പെട്ടിരുന്നു