‘റെഡ് ഹോട്ട്’ പരാമര്‍ശം എയര്‍ഹോസ്റ്റസിനെക്കുറിച്ചല്ല; പറഞ്ഞത് സേവനത്തേയും ഭക്ഷണത്തേയും കുറിച്ചെന്ന് സ്‌പൈസ്‌ജെറ്റ്
ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കൊപ്പമുള്ള എയര്‍ഹോസ്റ്റസുമാരുടെ ചിത്രത്തിന് സ്ത്രീകളെ വസ്തുവത്ക്കരിക്കുന്ന വിധത്തിലുള്ള ക്യാപ്ഷന്‍ നല്‍കിയതില്‍ വിശദീകരണവുമായി സ്‌പൈസ്‌ജെറ്റ്. ധര്‍മ്മേന്ദ്രയ്‌ക്കൊപ്പം റെഡ് ഹോട്ട് ഗേള്‍സ് എന്ന ക്യാപ്ഷനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ സ്‌പൈസ്‌ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് പ്രതികരണമറിയിച്ചത്. ഹോട്ട് ആന്‍ഡ് സ്‌പൈസി എന്ന ടാഗ് ലൈനോട് ബന്ധപ്പെടുത്തി തങ്ങളെ മാര്‍ക്കറ്റ് ചെയ്യാനാണ് ശ്രമിച്ചതെന്നും എയര്‍ ഹോസ്റ്റസുകളെക്കുറിച്ച് ആയിരുന്നില്ല കമന്റെന്നും അജയ് സിംഗ് പ്രതികരിച്ചു. തങ്ങളുടെ സേവനത്തേയും ഭക്ഷണത്തേയും സൂചിപ്പിക്കാനാണ് റെഡ്, ഹോട്ട് മുതലായ വാക്കുകള്‍ ഉപയോഗിച്ചതെന്നാണ് വിശദീകരണം.
ഗരം ധരം ഞങ്ങളുടെ റെഡ് ഹോട്ട് ഗേള്‍സിനൊപ്പം എന്നായിരുന്നു ധര്‍മ്മേന്ദ്ര സ്‌പൈസ്‌ജെറ്റിലെത്തിയ ഫോട്ടോയുടെ ക്യാപ്ഷന്‍. ധര്‍മ്മേന്ദ്രയും മൂന്ന് എയര്‍ ഹോസ്റ്റസുമാരുമുള്ള ചിത്രമായിരുന്നു സ്‌പൈസ്‌ജെറ്റ് ട്വീറ്റ് ചെയ്തിരുന്നത്. ക്യാപ്ഷന്‍ സ്ത്രീകളെ വസ്തുവത്ക്കരിക്കുന്നതും അപകീര്‍ത്തികരവുമാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ട്വീറ്റ് നീക്കം ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ സ്‌പൈസ്‌ജെറ്റിനോട് ആവശ്യപ്പെടുകയായിരുന്നു.
റെഡ്, ഹോട്ട്, സ്‌പൈസി മുതലായ വാക്കുകളെല്ലാം തങ്ങളുമായി ബന്ധപ്പെടുത്തി എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും പരസ്യങ്ങളിലും ഉപയോഗിക്കാറുണ്ടെന്ന് സ്‌പൈസ് ജെറ്റ് ദി ഹിന്ദുവിനോട് പ്രതികരിച്ചു. ചുവപ്പ് നിറം ഊഷ്മളമായ പെരുമാറ്റത്തേയും ഹോട്ട്, സ്‌പൈസി മുതലായ വാക്കുകള്‍ ഊര്‍ജസ്വലതയേയുമാണ് സൂചിപ്പിക്കുന്നതെന്ന് സ്‌പൈസ് ജെറ്റ് കൂട്ടിച്ചേര്‍ത്തു.