Wednesday, April 16, 2025
National

മണിപ്പൂരിൽ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; ഗാരിയിൽ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം

ഇംഫാൽ: മണിപ്പൂരിൽ നടന്നുവന്ന സംഘർഷങ്ങൾക്കിടെ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്ന വിവരം പുറത്ത്. തോബാലിൽ 45 കാരിയെ നഗ്നയാക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയെന്നും ഇംഫാലിലെ കാർ വാഷ് സെന്ററിലെ ജീവനക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം ആക്രമിച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നുമാണ് വാർത്ത. അതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഗാരിയിൽ നടന്ന സ്ത്രീകളുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.

മാസങ്ങൾ പഴക്കമുള്ള വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മണിപ്പൂരിൽ വീണ്ടും സംഘർഷ സമാനമായ സാഹചര്യമാണ്. സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം ചെയ്ത സംഭവത്തിൽ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അഞ്ചാമത്തെ പ്രതിയാണ് അറസ്റ്റിലാകുന്നത്. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ ഗാരിയില്‍ സ്ത്രീകളുടെ പ്രതിഷേധത്തിനിടെ സംഘർഷം നടന്നു. ഗതാഗതം തടസ്സപ്പെടുത്തിയ സ്ത്രീകള്‍ റോഡില്‍ ടയര്‍ കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സ്ഥലത്ത് പൊലീസിനെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും നിയോഗിച്ചു.

തോബാലിൽ മെയ് ഏഴിനാണ് 45 കാരിയെ നഗ്നയാക്കി തീകൊളുത്തി കൊലപ്പെടുത്തിയത്. മേഖലയിൽ വ്യാപക സംഘർഷം നടന്നിരുന്നു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായെന്നും കത്തിക്കരിഞ്ഞ മൃതദേഹം അധികൃതർ ഇംഫാലിലേക്ക് കൊണ്ടുപോയെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി. മെയ് നാലിന് ഇംഫാലിൽ കാർ വാഷ് സെൻററിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകളെ ജനക്കൂട്ടം ആക്രമിച്ചുവെന്ന വാർത്തയും പുറത്തുവന്നു. രണ്ടു പേരെയും കൂട്ടബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഈ കേസിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമി സംഘത്തിൽ സ്ത്രീകളടക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവം പുറത്ത് വന്ന സാഹചര്യത്തിൽ മിസോറമിൽ മെയ്ത്തി വിഭാഗക്കാർ താമസിക്കുന്ന മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. സംഘർഷ സാഹചര്യം നിലനിൽക്കുന്നത് കണക്കിലെടുത്താണ് നടപടി. മിസോറമിലെ ഐസാവലിൽ ആണ് സുരക്ഷ വർധിപ്പിച്ചത്.

അതിനിടെ മണിപ്പൂരിലെ ലൈംഗികാതിക്രമത്തിൽ കടുത്ത വിമർശനവുമായി നാഗ വിഭാഗം രംഗത്ത് വന്നു. ഇത്തരം കൊടും ക്രൂരത അനുവദിക്കാനാക്കില്ലെന്ന് നാഗ എംഎൽഎമാർ നിലപാടെടുത്തു. ബിജെപിയിലെയും ബിജെപി സഖ്യകക്ഷിയിലെയും നാഗ എംഎൽഎമാരാണ് കടുത്ത അതൃപ്തി പരസ്യമാക്കിയത്. സാഹചര്യം നിയന്ത്രണ വിധേയമല്ലെന്നും നാളെ ആക്രമിക്കപ്പെടുന്നത് നാഗസ്ത്രീകൾ ആയിരിക്കാം എന്നും എംഎൽഎമാർ പറയുന്നു. മെയ്ത്തെയ് – കുക്കി കലാപത്തിൽ ഇത് ആദ്യമായാണ് നാഗ വിഭാഗം ശക്തമായ പ്രതികരണം നടത്തുന്നത്. മണിപ്പൂരിൽ പ്രബല ട്രൈബൽ വിഭാഗമാണ് നാഗ.

Leave a Reply

Your email address will not be published. Required fields are marked *