Friday, April 11, 2025
National

വി കെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ചികിത്സ ലഭിക്കാന്‍ വൈകിയെന്ന് പരാതി

ബെംഗളൂരു: ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി കെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ഐസിയുവിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശശികല അടുത്ത ബുധനാഴ്ച ജയില്‍ മോചിതയാകാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തുടരും.

അതേസമയം, ചികിത്സ ലഭിക്കാന്‍ വൈകിയെന്ന് കാണിച്ച് ശശികലയുടെ അഭിഭാഷകന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ശശികലയ്ക്ക് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ജീവന് ഭീഷണിയുണ്ടെന്ന് പരാതി പറയുന്നു. കേരളത്തിലോ പുതുച്ചേരിയിലോ വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് പരാതിയിലെ ആവശ്യം.

പനി, ചുമ, കടുത്ത ശ്വാസതടസം, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടതോടെ ഇന്നലെ ഉച്ചയോടെയാണ് ശശികലയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ ജയിലില്‍ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ജയിലിലെത്തി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. പിന്നീട് ശ്വാസതടസം കൂടിയതോടെയാണ് ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വീല്‍ ചെയറിലിരുത്തിയാണ് ശശികലയെ ആശുപത്രിയിലെത്തിച്ചത്. ശശികലയെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ടിടിവി ദിനകരനും കുടുംബ സുഹൃത്തായ ശിവകുമാറും ബെംഗളൂരുവിലെത്തി ഡോക്ടര്‍മാരെ കണ്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *