അനധികൃത സ്വത്ത് സമ്പാദന കേസ്, ഡിഎംകെക്ക് തിരിച്ചടി, മന്ത്രി കെ.പൊന്‍മുടിക്ക് 3 വര്‍ഷം തടവ്, 50 ലക്ഷം രൂപ പിഴ
ചെന്നൈ: വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വർഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു.. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാ വിധിയോടെ മന്ത്രി എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനായി. 2006നും 2010-നും ഇടയിൽ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
1989ന് ശേഷം ഡിഎംകെ അധികാരത്തിൽ എത്തിയപ്പോഴെല്ലാം മന്ത്രിയായിട്ടുള്ള പൊന്മുടിക്കെതിരായ ഉത്തരവ് ഡിഎംകെയ്ക്ക് നിര്‍ണായകമാണ്. ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. മറ്റേതെങ്കിലും മന്ത്രി ആയിരുന്നെങ്കിൽ സമീപനം വ്യത്യസ്തമായേനെയെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പൊന്മുടി കുറ്റം ചെയ്തത് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ്. ഭാവിതലമുറയെ ബാധിക്കുന്ന വിഷയം ആണെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരവിനെതിരെ മന്ത്രി സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന