Wednesday, April 16, 2025
National

ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള ധനസഹായം 10 മടങ്ങ് വർധിപ്പിച്ച് റെയിൽവേ ബോർഡ്

ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള ധനസഹായം റെയിൽവേ ബോർഡ് പരിഷ്കരിച്ചു. പത്തിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. അപകടത്തിൽ മരണം സംഭവിച്ചാൽ നൽകുന്ന സഹായധനം 50,000 രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. ഗുരുതരമായി പരിക്കേറ്റവർക്കുള്ള സഹായം 25,000 രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായും വർധിപ്പിച്ചു.

‘ട്രെയിൻ അപകടങ്ങളിലും അനിഷ്ട സംഭവങ്ങളിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും ആശ്രിതർക്ക് നൽകേണ്ട ‘എക്‌സ്‌ഗ്രേഷ്യാ റിലീഫ്’ തുക പരിഷ്കരിക്കാൻ തീരുമാനിച്ചു’ – റെയിൽവേ ബോർഡ് സെപ്തംബർ 18 ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പുതുക്കിയ ധനസഹായം റെയിൽവേയ്ക്ക് ബാധ്യതയുള്ള ലെവൽ ക്രോസിംഗ് ഗേറ്റുകളിൽ അപകടത്തിൽപ്പെടുന്ന യാത്രക്കാർക്കും ബാധകമായിരിക്കും.

നിസാര പരിക്കുകളുള്ള വ്യക്തികൾക്ക്, മുൻകാലങ്ങളിൽ ലഭിച്ചിരുന്ന 5,000 രൂപ ധനസഹായത്തിൽ നിന്ന് 50,000 രൂപയായി ഉയർത്തി. അപകടങ്ങൾ കാരണം ട്രെയിൻ യാത്രക്കാരന് 30 ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ കഴിയേണ്ടി വരുന്ന സന്ദർഭങ്ങളിൽ, ഓരോ 10 ദിവസത്തിലൊരിക്കലോ ഡിസ്ചാർജ് ചെയ്യുമ്പോഴോ(ഏതാണ് നേരത്തെ വരുന്നത്) പ്രതിദിനം 3,000 രൂപ അധികമായി നൽകും. നേരത്തെ 2012ലും 2013ലും ദുരിതാശ്വാസ സഹായം പരിഷ്കരിച്ചിരുന്നു. അതിനു ശേഷമുള്ള ആദ്യത്തെ മാറ്റമാണിത്.

Leave a Reply

Your email address will not be published. Required fields are marked *