റായ്ഗഡ് ഉരുൾപൊട്ടൽ; ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് മണ്ണ് വന്ന് മൂടി; ഇന്ന് 5 മൃതദേഹങ്ങൾ കിട്ടി, മരണസംഖ്യ 21
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗജിലുണ്ടായ ഉൾപൊട്ടലിൽ ഇന്ന് 5 പേരുടെ മൃതദേഹം കൂടി കിട്ടി. ഇതോടെ മരണസംഖ്യ 21 ആയി. ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. കാണാതായ 100 ലേറെ പേർക്കായി ഇന്നും തെരച്ചിൽ തുടരുകയാണ്. 16 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. വലിയ യന്ത്രങ്ങളുടെ സഹായമൊന്നുമില്ലാതെ അതീവ ദുഷ്കരമായ രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്
നാല് കിലോമീറ്റർ നടന്ന് വേണം ദുരന്തഭൂമിയായ ഇർഷാൽവാഡി ഗ്രാമത്തിലെത്താൻ. അതിൽ 2 കിലോമീറ്ററോളം ചെങ്കുത്തായ കയറ്റമാണ്. ദുരന്തഭൂമിയിലേക്ക് യാത്രപോലും അതീവ സാഹസികം. യന്ത്രങ്ങളൊന്നുമില്ലാതെ കൈക്കോട്ടും മറ്റുമായാണ് മണ്ണുമാറ്റുന്നത്. പത്ത് അടിയിലേറെ ഉയരത്തിൽ മണ്ണും കല്ലും വന്ന് മൂടിയ സ്ഥലത്താണ് ഈ വിധം രക്ഷാ ദൗത്യം. ഹെലികോപ്റ്ററുകളുടെ സഹായം തേടിയെങ്കിലും അതിശക്തമായ മഴയും കാറ്റുമടക്കം കാലാവസ്ഥ പ്രതികൂലമായതിനാൽ ആ സാധ്യതയും ഇല്ലാതായി.
ദുരന്തഭൂമിയിലെ കാഴ്ചകൾ അതിഭയാനകമാണ്. മലമുകളിലുണ്ടായിരുന്ന ആദിവാസി ഗ്രാമമാകെ ഇല്ലാതായി. അർധരാത്രിയോട് അടുത്ത് നടന്ന ദുരന്തമായതിനാൽ ഉറങ്ങിക്കിടക്കുന്നവർക്ക് മുകളിലേക്കാണ് മണ്ണ് വന്ന് മൂടിയത്. നാൽപതിലേറെ വീടുകൾ മണ്ണിനടിയിലായി. ഇതുവരെ കിട്ടിയ മൃതദേഹങ്ങളെല്ലാം പോസ്റ്റ്മോട്ടർമടക്കം നടപടിക്രമങ്ങൾ ഒഴിവാക്കി സമീപത്ത് തന്നെ സംസ്കരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിലും നടക്കുന്നുണ്ട്. ഇന്നും റായ്ഗഡിൽ റെഡ് അലർട്ടാണ്.