Friday, April 11, 2025
National

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്നറിയാം

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് ഇന്നറിയാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങും. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദി ഫലം പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റു പെട്ടികൾ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.

ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം എൽ എമാരും വോട്ടു രേഖപ്പെടുത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നതാണ് യാഥാർത്ഥ്യം. ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വം തന്നെയായിരുന്നു എൻ ഡി എ ക്യാംപിന് വലിയ നേട്ടമായതെന്നാണ് വിലയിരുത്തൽ. ദ്രൗപദി മുർമുവിന് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. മറുവശത്ത് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി പിന്തുണ അറിയിച്ചിരുന്നു.

അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള പോരാട്ടത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഓഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണൽ നടക്കും. രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക‍്‍സഭയിലെ 543 അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് അവസാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *