മണിപ്പൂർ മുഖ്യമന്ത്രിയായി ബീരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബീരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് ബീരേൻ സിംഗ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് വന്നിരുന്നുവെങ്കിലും മുഖ്യമന്ത്രി പദത്തെ ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം നിലനിന്നിരുന്നു
ഏകകണ്‌ഠേനയാണ് ബീരേൻ സിംഗിനെ മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തതെന്ന് ബിജെപി അറിയിച്ചു. മുതിർന്ന എംഎൽഎ ബിശ്വജിത് സിംഗും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ കേന്ദ്രമന്ത്രി നിർമല സീതാരാമനാണ് ബീരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയാകുമെന്ന കാര്യം പ്രഖ്യാപിച്ചത്
തുടർച്ചയായ രണ്ടാം തവണയാണ് മണിപ്പൂരിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നത്. 31 സീറ്റുകൾ നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. അതേസമയം സംസ്ഥാനത്ത് ഒരുകാലത്ത് ശക്തമായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എ പി പി ഒമ്പത് സീറ്റുകൾ നൽകി
കോൺഗ്രസിന് ഇത്തവണ സംസ്ഥാനത്ത് രണ്ടക്കം പോലും നേടാനായില്ല. പതിനഞ്ച് വർഷം തുടർച്ചയായി സംസ്ഥാനം ഭരിച്ച കോൺഗ്രസിന് സംസ്ഥാനത്തെ പിടി പൂർണമായും നഷ്ടമാകുകയായിരുന്നു. പിസിസി പ്രസിഡന്റ് എൻ ലോകൻ സിംഗ് അടക്കം പരാജയപ്പെട്ടിരുന്നു.