കുടുംബങ്ങളുടെ കടബാധ്യതയിൽ വർദ്ധനവ്; രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം 50 വര്‍ഷത്തെ താഴ്ന്ന നിലയില്‍
രാജ്യത്തെ ബാധ്യത വർദ്ധിക്കുകയും ഗാര്‍ഹിക സമ്പാദ്യം 50 വര്‍ഷത്തെ താഴ്ന്ന നിലയിലുമാണെന്ന് റിപ്പോർട്. റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 2021-22 സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 7.2 ശതമാനമായിരുന്ന കുടുംബങ്ങളുടെ സമ്പാദ്യം അടുത്തവര്‍ഷം 5.1 ശതമാനമായി കുറഞ്ഞതായാണ് ആര്‍ബിഐയുടെ കണ്ടെത്തല്‍. കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതയാകട്ടെ ജിഡിപിയുടെ 5.8 ശതമാനമായി ഉയരുകയും ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷം 3.8 ശതമാനമായിരുന്നു.
വര്‍ധനവിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഉപഭോഗം വര്‍ധിച്ചതും വസ്തു വാങ്ങലുമാണ്. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണിത്. 2006-07 സാമ്പത്തിക വര്‍ഷം 6.7 ശതമാനമായിരുന്നു. രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യത്തില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇടിവുണ്ടാകുന്നതയാണ് റിപ്പോട്ടുകൾ കാണിക്കുന്നത്.
2020-21 സാമ്പത്തിക വര്‍ഷത്തിലെ 22.8 ലക്ഷം കോടി രൂപയില്‍ നിന്ന് 2021-22ലെത്തിയപ്പോള്‍ 16.96 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തിലെത്തിയപ്പോഴാകാട്ടെ 13.76 ലക്ഷം കോടിയുമായി. ഗാര്‍ഹിക കടമാകട്ടെ ജിഡിപിയുടെ 36.9 ശതമാനത്തില്‍നിന്ന് 37.6 ശതമാനമായി ഉയരുകയും ചെയ്തു.