സഹോദരനെ കൊന്ന് കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു; യുവതിയും കാമുകനും 8 വർഷങ്ങൾക്ക് ശേഷം പിടിയിൽ
സഹോദരനെ കൊന്ന് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച യുവതിയും കാമുകനും 8 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കർണാടകയിലാണ് സംഭവം. 8 വർഷം മുൻപ് നടന്ന കൊലപാതകത്തിനു ശേഷം ഇവർ ഒളിവിലായിരുന്നു. ഇരുവരും പേര് മാറ്റി മഹാരാഷ്ട്രയിൽ ഒരുമിച്ച് കഴിയുകയാണെന്ന് മനസിലാക്കിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
തങ്ങൾ ഒരുമിച്ച് കഴിയുന്നതിനെ എതിർത്ത ലിംഗരാജു സിദ്ധപ്പ പൂജാരിയെ സഹോദരി ഭാഗ്യശ്രീയും കാമുകൻ ശിവപുത്രയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. 2015ലാണ് കൊല നടന്നത്. തുടർന്ന് മൃതദേഹം കഷണങ്ങളായി വെട്ടിമുറുക്കിയ ഇരുവരും ശരീരഭാഗങ്ങൾ മൂന്ന് സഞ്ചികളിലാക്കി ബെംഗളൂരു നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ചു. തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. ലിംഗരാജുവിൻ്റെ തലയും ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഇവർ മഹാരാഷ്ട്രയിലെ നാസിക്കിൽ ഉണ്ടെന്ന രഹസ്യം വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കാമുകനും കാമുകിയും കുടുങ്ങുകയായിരുന്നു.
കോളജ് കാലം മുതൽ ഭാഗ്യശ്രീയും ശിവപുത്രയും പ്രണയത്തിലായിരുന്നു. തങ്ങളുടെ ബന്ധം വീട്ടുകാർ അംഗീകരിക്കില്ലെന്ന് ഭയന്ന ഇരുവരും ബെംഗളൂരുവിലെ വാടകവീട്ടിൽ ഒരുമിച്ച് കഴിയാനാരംഭിച്ചു. എന്നാൽ, വീട് കണ്ടെത്തി എത്തിയ ലിംഗരാജു ഇവരുമായി വഴക്കിട്ടു. ഈ വഴക്കാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്.