‘ഞാൻ ബീഫ് കഴിക്കും, ബിജെപിയിൽ തുടരുകയും ചെയ്യുന്നുണ്ട്’ : മേഘാലയ ബിജെപി നേതാവ്
ബിജെപി പാർട്ടിയിൽപ്പെട്ടവർക്ക് ബീഫ് കഴിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് മേഘാലയ ബിജെപി നേതാവ് ഏണസ്റ്റ് മാവരി. മേഘാലയ അസംബ്ലി തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ അപ്രതീക്ഷിത വെളിപ്പെടുത്തൽ. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മേഖാലയ ബിജെപി നേതാവ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
‘ബിജെപിയിൽ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ജാതി, മതം തുടങ്ങിയ കാര്യങ്ങളൊന്നും ബിജെപി ചിന്തിക്കാറില്ല. ഞങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാം. അത് ഓരോരുത്തരുടേയും ഭക്ഷണ രീതിയാണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് അതിൽ കുഴപ്പം തോന്നേണ്ടതെന്തിന്?’- മാവരി പറഞ്ഞു. ബീഫ് കഴിക്കരുതെന്ന് ബിജെപി നേതൃത്വം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരുന്ന തെരഞ്ഞെടുപ്പിൽ മേഘാലയിൽ ബിജെപി മിന്നും വിജയം നേടുമെന്നും ഏണസ്റ്റ് പറഞ്ഞു. 60 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും 34 സീറ്റിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഏണസ്റ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങൾക്ക് സമാധാനവും പുരോഗതിയും ആവശ്യമുണ്ടെങ്കിൽ ബിജെപി തന്നെ അധികാരത്തിൽ വരണമെന്നും ഏണസ്റ്റ് മാവരി പറഞ്ഞു.
2023 ഫെബ്രുവരി 27നാണ് മേഘാലയ തെരഞ്ഞെടുപ്പ്. മാർച്ച് 2നാണ് ഫലം.