Monday, January 6, 2025
National

ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻവിജയം ഉറപ്പ്; മല്ലികാർജുൻ ഖർഗെ

ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻവിജയം ഉറപ്പാണെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മോദി സർക്കാർ എല്ലാ മേഖലകളെയും തകർത്തിരിക്കുകയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ജനം ദുരിതത്തിലാണ്. രാജ്യസുരക്ഷയെ കുറിച്ച് മോദി സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ചൈനയുടെ കൈയ്യേറ്റം പാർലമെന്റിന്റെ ഇരു സഭകളിലും കോൺഗ്രസ് ഉന്നയിച്ചു. ചർച്ചയെ സർക്കാർ ഭയക്കുന്നത് എന്തിനെന്നും ഖർഗെ ചോദിച്ചു. രാജ്യത്തെ സംരക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ജനം രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്നത് ഇക്കാര്യം മനസിലാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ചൈന സംഘർഷത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ച തന്ത്രപരമായ യോഗത്തിൽ പത്തോളം പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തിരുന്നു. യോഗത്തിൽ ആം ആദ്മി പാർട്ടിയും (എഎപി) തെലങ്കാന രാഷ്ട്ര സമിതിയും പങ്കെടുത്തതോടെ പാർലമെന്റിൽ പ്രതിപക്ഷ ഐക്യം വീണ്ടും പ്രകടമായി.

ശീതകാല സമ്മേളനത്തിന്റെ തുടക്കത്തിലും എഎപിയും തൃണമൂൽ കോൺഗ്രസും ഖർഗെ വിളിച്ച ‘സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ’ തന്ത്രപരമായ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇടതുപക്ഷ പാർട്ടികളായ സിപിഐ, സിപിഎം, ബിഹാറിലെ ആർജെഡി, ജെഡിയു, ഉത്തർപ്രദേശിലെ എസ്പി, ആർഎൽഡി, മഹാരാഷ്ട്രയിലെ എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), ജമ്മു കശ്മീരിലെ നാഷനൽ കോൺഫറൻസ് ഉൾപ്പെടെയുള്ള പാർട്ടികളാണ് അന്ന് ഖർഗെ വിളിച്ച രണ്ടു യോഗങ്ങളിലും പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *