തമിഴ്‌നാട്ടില്‍ മഴക്കെടുതി രൂക്ഷം; വെല്ലൂരില്‍ വീടിനുമേല്‍ മതിലിടിഞ്ഞ് വീണ് 9 മരണം
ചെന്നൈ: തമിഴ്‌നാട് വെല്ലൂരില്‍ വീടിനുമേല്‍ മതിലിടിഞ്ഞ് വീണ് 9 പേര്‍ മരിച്ചു. വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് ദുരന്തമുണ്ടായത്. ചാലാര്‍ നദിക്കരയിലെ വീടാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് സ്ത്രീകളും നാല് കുട്ടികളുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന മുന്നറിയിപ്പ് അവഗണിച്ച് ഇവര്‍ ഇവിടെ തുടരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
തമിഴ്‌നാട്ടില്‍ വിവിധ മേഖലകളില്‍ മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചയോടെ വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്ര തീരം തൊട്ടു. ആന്ധ്രയിലും കനത്ത മഴ തുടരുകയാണ്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ട്. ക്ഷേത്രം താല്‍ക്കാലികമായി അടച്ചു
തമിഴ്‌നാട്ടില്‍ ആന്ധ്ര തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. തിരുവാന്‍മലയില്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടുപോയ പതിനൊന്ന് പേരെയും 36 കന്നുകാലികളേയും രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചു. നാല് പശുക്കളെ രക്ഷിക്കാനായില്ല. അതേസമയം ഈ ന്യൂനമര്‍ദ്ദം ചെന്നൈയില്‍ കാര്യമായ പ്രഭാവം ഉണ്ടാക്കിയില്ല. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്. കൃഷ്ണഗിരി, ധര്‍മപുരി, വെല്ലൂര്‍, തിരുപ്പട്ടൂര്‍, ഈറോട്, സേലം ജില്ലകളില്‍ അടുത്ത 12 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.