സൂര്യനിലേക്ക് ആദിത്യ എല്‍1; ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്ത് കടന്നു
ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍1 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടന്നു. ലക്ഷ്യ സ്ഥാനമായ നിര്‍ദിഷ്ട ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിലേക്കുള്ള യാത്രയ്ക്കു തുടക്കം കുറിച്ചു. ഭ്രമണപഥം മാറ്റുന്ന ഇന്‍സെര്‍ഷന്‍ ദൗത്യം വിജയകരമായെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. ുപേടകം 110 ദിവസംകൊണ്ടാണ് സൂര്യന്റെ എല്‍1 ന് ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തുക.
ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ(പാര്‍ട്ടിക്കിള്‍) സ്വഭാവം വിശകലനം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയാലും പഠനങ്ങള്‍ തുടരും. സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉദ്ഭവം അടക്കമുള്ളവയെപ്പറ്റി പഠനം നടത്താന്‍ ഈ വിനരങ്ങള്‍ ഉപയോഗിക്കും.
ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു. സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്.