അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തി താലിബാന്‍
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ അധികാരം കൈയ്യടക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള കയറ്റുമതിയും ഇറക്കുമതിയും താലിബാന്‍ നിര്‍ത്തിലാക്കിയതായി റിപ്പോര്‍ട്ട്. ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്.
‘അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. നിലവില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്’ – അജയ് സഹായ് പറഞ്ഞു.
അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനില്‍ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ചില ചരക്കുകള്‍ അന്താരാഷ്ട്ര നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറിലൂടെയാണ് കയറ്റുമതി ചെയ്യുന്നത്. അത് ഇപ്പോഴും നല്ലനിലയില്‍ നടക്കുന്നുണ്ട്. ദുബായ് റൂട്ടിലൂടെയുള്ള ചില ചരക്കുകളുടെ കൈമാറ്റവും നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.