Saturday, October 19, 2024
National

ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. രോഗത്തെ തടയുന്നതിനുള്ള വാക്‌സിന്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അത് ‘വേഗത്തില്‍ ലഭിക്കാനുള്ള’ നടപടികളിലേക്ക് കടക്കാന്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി മോദി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ എത്തിക്കേണ്ടതുണ്ടെന്നും അത് ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ഭൂവ്യാപ്തിയും വൈവിധ്യവും കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി,ശനിയാഴ്ച നടന്ന ഉന്നതതല യോഗത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയായിരുന്നു പ്രധാനമന്ത്രി മോദി. രാജ്യത്തിന് വാക്‌സിന്‍ ലഭിക്കുമ്പോള്‍ ഇന്ത്യയിലെ ഓരോ പൗരനും അത് ലഭിക്കുന്ന രീതിയിലായിരിക്കണം തയ്യാറെടുപ്പുകള്‍ നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ വിതരണത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

വാക്‌സിന്‍ സൂക്ഷിക്കുന്നതിനാവശ്യമായ കോള്‍ഡ് സ്റ്റോറേജുകള്‍, വാക്‌സിനേഷന്‍ നടക്കുന്ന ക്ലിനിക്കുകളെ നിരീക്ഷിക്കാനുള്ള സംവിധാനം, വാക്‌സിന്‍ നല്‍കുന്നതിന് ആവശ്യമായ സിറിഞ്ച് പോലുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ സജ്ജീകരണം എന്നിവ സംബന്ധിച്ചും കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. പ്രധാനമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു.

രാജ്യത്തെ തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പ്, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് വേണം കൊവിഡ് വാക്‌സിന്‍ വിതരണം നടത്തേണ്ടതെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഈ വിഷയം സംബന്ധിച്ച രണ്ടാമത്തെ യോഗത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. രാജ്യമാകെ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി ഇന്ത്യയുടെ നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും മരുന്ന് കമ്ബനികളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്.

Leave a Reply

Your email address will not be published.