ദേശീയ സാമ്പിള്‍ സര്‍വേ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും
തൃശൂർ: കൊവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സര്‍വ്വേ നടക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളെ മുന്‍കൂട്ടി വിവരമറിയിയ്ക്കും. വ്യാപാരസ്ഥാപനങ്ങളിലും ഫാക്ടറികളിലും നിന്ന് തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ മാത്രമാണ് വിവരം ശേഖരിക്കുന്നത്. കാറ്റഗറി സി,ഡി എന്നിവിടങ്ങളില്‍ ഉടന്‍ സര്‍വ്വേ തുടങ്ങില്ല. ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്ന എന്യൂമറേറ്റര്‍മാര്‍ ടെലിഫോണ്‍ വിവരശേഖരണം തുടരും. കോവിഡ് പ്രതിസന്ധി മൂലമുള്ള പ്രത്യേക സാഹചര്യത്തില്‍ അസംഘടിത മേഖല, തൊഴില്‍, വിലനിലവാരം തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് നയ രൂപീകരണത്തിന് വളരെ പ്രാധാന്യമാണ് കണക്കാക്കപ്പെടുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍വേ കഴിഞ്ഞമാസം പുനരാരംഭിച്ചിരുന്നെങ്കിലും കേരളത്തില്‍ നീട്ടി വയ്ക്കുകയായിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഫീല്‍ഡ് ഓഫീസര്‍മാരെ വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചും തികഞ്ഞ ജാഗ്രതയോടെയും മുന്‍കരുതലോടെയും ഫീല്‍ഡ് സന്ദര്‍ശനം നടത്താന്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.