ജല്ലിക്കെട്ട് നിരോധിക്കുമോ? സുപ്രീം കോടതി തീരുമാനം ഇന്ന്
പരമ്പരാഗത കായിക വിനോദമായ ‘ജല്ലിക്കട്ടും’ കാളവണ്ടി ഓട്ടവും അനുവദിക്കുന്ന തമിഴ്‌നാട്, മഹാരാഷ്ട്ര നിയമങ്ങളെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.
മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) ഉൾപ്പെടെ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ (തമിഴ്നാട് ഭേദഗതി) നിയമം 2017, മൃഗങ്ങളോടുള്ള ക്രൂരത തടയൽ (ജല്ലിക്കെട്ട് നടത്തിപ്പ്) ചട്ടങ്ങൾ 2017 എന്നിവയുടെ ഭാവി ഇന്നത്തെ വിധി തീരുമാനിച്ചേക്കാം.
2014ൽ സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തിയെങ്കിലും, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ ജല്ലിക്കെട്ട് നടത്താൻ ഈ രണ്ട് നിയമങ്ങളും അനുമതി നൽകുന്നു. ആക്ടിവിസ്റ്റുകളുടെയും തമിഴ്‌നാട് സർക്കാരിന്റെയും മാരത്തൺ വാദങ്ങൾ കേട്ട ശേഷം കഴിഞ്ഞ വർഷം ഡിസംബറിൽ ഭരണഘടനാ ബെഞ്ച് കേസിൽ വിധി പറയാനായി മാറ്റുകയായിരിക്കുന്നു.