നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; 20കാരനെ കുത്തിക്കൊന്ന് യുവതി; അറസ്റ്റ്
തന്നെ പലവട്ടം പീഡിപ്പിച്ച ഇരുപതുകാരനെ കുത്തിക്കൊന്ന് പ്രതികാരം തീര്‍ത്ത് യുവതി. യു.പിയിലെ കാസ്ഗഞ്ച് സ്വദേശിയായ അബൂജർ(20) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ ഭർത്താവിനെ കൂട്ടിയായിരുന്നു കൊലപാതകം. സംഭവത്തിൽ ഉത്തർപ്രദേശിലെ ബദാവൂൻ സ്വദേശിയായ 20കാരിയെയും സഹായി ഇർഫാനെ(36)യും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ശാസ്ത്രി പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബേല ഫാമിൽ അബൂജറിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്താകുന്നത്. കഴുത്തിലും വയറിലുമടക്കം മാരകമായ മുറിവുകളോടെ വിവസ്ത്രനായി കിടക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്ന് പരിസരത്തെ 20ഓളം സി.സി.ടി.വി കാമറകൾ പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നാലെ പ്രതികളെ പിടികൂടുകയും ചെയ്തു.
കഴിഞ്ഞ ജനുവരിയിൽ ഭർത്താവ് അസുഖബാധിതനായി മരിച്ചിരുന്നു. ഇതിനുശേഷം ലൈംഗികചൂഷണം കൂടി. സംഭവത്തിനുമുൻപ് അബൂജർ യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. അബൂജറും യുവതിയുടെ ഭർത്താവും ബന്ധുക്കളാണ്.
അബൂജറിൽനിന്ന് രക്ഷപ്പെടാനായി ഉറ്റസുഹൃത്തിന്റെ ഭർത്താവായ ഇർഫാനോട് സഹായം തേടുകയായിരുന്നു. 20കാരനെ കൊന്ന് പകവീട്ടാനായിരുന്നു യുവതിയുടെ പദ്ധതി. ഇതോടെ ശല്യം ഒഴിവാകുമെന്നും അവർ കരുതി. ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഇർഫാൻ അംഗീകരിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.