കർണാടകയിൽ രാഷ്ട്രീയ പ്രവർത്തകൻ കൊല്ലപ്പെട്ടു; പാർട്ടി ഏതെന്ന് ആശയക്കുഴപ്പം
കർണാടകയിലെ കലബുറഗി ജില്ലയിൽ രാഷ്ട്രീയ പ്രവർത്തകൻ കൊല്ലപ്പെട്ടു. 64 കാരനായ മല്ലികാർജുന മുതിയാൽ ആണ് മരിച്ചത്. ഇദ്ദേഹം ഏത് പാർട്ടിയിൽ അംഗമാണെന്ന ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ബിജെപി പ്രവർത്തകനാണ് കൊല്ലപ്പെട്ടതാണ് പാർട്ടി പറയുന്നു. എന്നാൽ പൊലീസ് സൂപ്രണ്ട് ഇഷ പന്ത് ഇത് നിഷേധിച്ചു.
കലബുറഗി ജില്ലയിലെ സെഡം ടൗണിന് സമീപം തിങ്കളാഴ്ച രാത്രിയാണ് രാഷ്ട്രീയ പ്രവർത്തകൻ കൊല്ലപ്പെട്ടത്. മല്ലികാർജുന മുതിയാൽ നേരത്തെ ജനതാദൾ (സെക്കുലർ) ജെഡിഎസിലായിരുന്നു. അടുത്തിടെ അദ്ദേഹം ബിജെപിയുടെ ഭാഗമായി എന്നും റിപോർട്ടുകൾ ഉണ്ട്. നവംബർ 14ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരിപാടിയിലും ഇയാൾ പങ്കെടുത്തിരുന്നു.
മല്ലികാർജുനയ്ക്ക് സെഡം ടൗണിൽ ഇലക്ട്രോണിക്സ് സ്റ്റോർ ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് കടയിൽ ഉറങ്ങിക്കിടക്കുമ്പോൾ അക്രമികൾ അകത്തുകടന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. എസ്പി ഇഷ പന്ത് ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.