കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധം: നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്ത് നീക്കി പൊലീസ്
ദില്ലി : ദില്ലി മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിൽ സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ച എഎപി നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കി. പൊലീസ് നേരത്തെ സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. നേതാക്കൾ വഴങ്ങിയില്ല. പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഇവിടെനിന്ന് മാറിയതിനു പിന്നാലെ ആണ് നടപടി. മന്ത്രിമാരായ സൗരഭ്, ആത്തിഷി, ഗെഹ്ലോട്ട് എന്നിവരെ അടക്കം കസ്റ്റഡിയിൽ എടുത്തു.
ഗഗതാഗത തടസം ഉണ്ടാകുന്നു എന്ന് ആരോപിച്ചാണ് സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിക്കുന്ന എഎപി നേതാക്കളോട് പിരിഞ്ഞ് പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ ബാരിക്കേഡ് വച്ച് ഗതാഗത തടസം ഉണ്ടാക്കിയത് പൊലീസെന്ന് നേതാക്കളും ആരോപിച്ചു. പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. പിന്നാലെയായിരുന്നു കസ്റ്റഡിയിലെടുത്ത് നീക്കിയത്.
കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് നാല് മണിക്കൂർ പിന്നിടുകയാണ്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയാണ് കെജ്രിവാൾ സിബിഐ ഓഫിസിലേക്ക് എത്തിയത്. നടപടിക്ക് പിന്നിൽ ദേശവിരുദ്ധ പ്രവർത്തകരെന്നാണ് കെജ്രിവാൾ ആരോപിച്ചത്.