ഗവർണർമാർ റബർ സ്റ്റാമ്പുകളല്ല; തമിഴ്‌നാട് ഗവർണർ ആർ.എൻ രവി
സംസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന ഗവർണർമാർ റബർ സ്റ്റാമ്പുകളല്ലെന്ന് തമിഴ്‌നാട് ഗവർണർ ആർ.എൻ രവി. തിരുവനന്തപുരത്ത് നടക്കുന്ന ലോകായുക്തദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർമാർക്ക് കൃത്യമായ റോൾ ഭരണഘടന അനുവദിക്കുന്നുണ്ട്. ലോകായുക്തയുടെ ശക്തി ക്ഷയിപ്പിക്കാനുള്ള നീക്കം ഉണ്ടായാൽ ഗവർണർ ഇടപെടുമെന്നും രാജ്യത്തിന്റെ എല്ലാഭാഗത്തും ഇത്തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ആർ.എൻ രവി പറഞ്ഞു.
മാസങ്ങളായി കേരളത്തിലേതിന് സമാനമായി തമിഴ്നാട്ടിലും സർക്കാർ-ഗവർണർ പോര് രൂക്ഷമാണ്. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കം ചെയ്യുന്ന ബില്ലടക്കം തമിഴ്നാട് നിയമസഭ നേരത്തെ പാസാക്കിയിരുന്നു. ഇതടക്കമുള്ള ബില്ലുകൾ ഗവർണർ ഒപ്പുവെച്ചിരുന്നില്ല.
ഇതേ തുടർന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഡി.എം.കെ എം.പിമാർ കത്തയച്ചിരുന്നു. ഭരണഘടനാപരമായ പദവി വഹിക്കാൻ ഗവർണർ അയോഗ്യനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകക്ഷിയായ ഡി.എം.കെയുടെ 57 എം.പിമാർ കത്തയച്ചത്.