ടെലിഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ഇനി വീഡിയോ കോളും ചെയ്യാം
ടെലിഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് വീഡിയോ കോള്‍ ചെയ്യാന്‍ ഇനി വേറെ ഏതെങ്കിലും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട. ടെലിഗ്രാമിന്റെ പുതിയ 7.0.0 ബീറ്റാ വേര്‍ഷനിലാണ് വീഡിയോ കോള്‍ സൗകര്യമുള്ളത്. നേരത്തെ, സ്വകാര്യതയെ മാനിച്ച് വോയ്സ് കോള്‍ സൗകര്യം 2017ല്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനോടെ ടെലിഗ്രാം അവതരിപ്പിച്ചിരുന്നു.
എന്നാല്‍, പ്ലേസ്റ്റോര്‍ വഴി നേരിട്ട് ആക്സസ് ചെയ്യാന്‍ കഴിയാത്തതിനാല്‍ പുതിയ ബീറ്റാ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. എന്നാല്‍, ടെലിഗ്രാമിന്റെ ആപ്പ് സെന്റര്‍ പേജില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മറ്റൊരു സിഗ്നേച്ചര്‍ ഉപയോഗിച്ച് സ്റ്റാന്റ് എലോണ്‍ ബീറ്റ എപികെകള്‍ ടെലിഗ്രാം പുറത്തിറക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് നിലവിലുള്ള ടെലിഗ്രാം അല്ലെങ്കില്‍ ടെലിഗ്രാം എക്സ് ആപ്ലിക്കേഷനുകള്‍ക്കൊപ്പം ബീറ്റാ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും സെറ്റിങ്സില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ ഉപയോഗിക്കാനാവും.
രണ്ട് ഉപകരണങ്ങളിലും ബീറ്റാ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ വീഡിയോ കോളിങ് പ്രവര്‍ത്തനക്ഷമമാവൂ. മറ്റു അപ്ലിക്കേഷനുകളുടേതു പോലെ, മുന്നിലും പിന്നിലുമുള്ള കാമറകള്‍ക്കിടയില്‍ ഫ്ലിപ്പ് ചെയ്യാനും വീഡിയോ ഓഫ് ചെയ്യാനും മ്യൂട്ട് ചയ്യാനും ഹാങ് അപ്പ് ചെയ്യാനുമുള്ള ഓപ്ഷനുകള്‍ ഇന്റര്‍ഫേസിനുണ്ട്.
ബീറ്റാ പതിപ്പ് ഗ്രൂപ്പ് വീഡിയോ കോളുകളെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ കാണാം. ഒരാളുമായി വീഡിയോ കോള്‍ ചെയ്തുകൊണ്ടിരിക്കെ മുകളില്‍ ഇടതുഭാഗത്തെ പിന്നിലെ ഐക്കണ്‍ ടാപ്പ് ചെയ്താല്‍ ഇത് ആക്സസ്സ് ചെയ്യാനാവും. തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് കണ്‍ഫര്‍മേഷന്‍ അനുമതി പോപ്പ്അപ്പായി ലഭിക്കും. ഒരു കോളറിന്റെ ചെറിയ വിന്‍ഡോ ഒരൊറ്റ ടാപ്പിലൂടെ വലിയ വിന്‍ഡോയാക്കി ഉടനടി മാറ്റാനുള്ള സൗകര്യവുമുണ്ട്. അതേസമയം, സ്പീക്കര്‍ ഫോണിലൂടെ ശബ്ദം ഒരാള്‍ക്കു മാത്രമേ കേള്‍ക്കാനാവൂ. സ്വകാര്യതയ്ക്കു മുന്‍തൂക്കം നല്‍കുന്നതിനാല്‍ ഹെഡ്ഫോണിലൂടെ മാത്രമാണ് ശബ്ദം കൈമാറാനാവുക. എന്നാല്‍ ലൗഡ്സ്പീക്കര്‍ ഓണാക്കി രണ്ട് ഫോണുകളിലും വീഡിയോ ഓഫാക്കി വീണ്ടും ഓണാക്കുന്നതിലൂടെ ഈ പ്രശ്‌നവും പരിഹരിക്കാനാവും.