സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നൽകിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് നടത്താൻ പ്രധാനമന്ത്രിയുടെ നിർദേശം
സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. ഗ്രാമീണ മേഖലയിൽ കൊവിഡ് പരിശോധനയും ഓക്‌സിജൻ വിതരണവും കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു
ചില സംസ്ഥാനങ്ങളിൽ വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. വെന്റിലേറ്ററുകൾ സ്ഥാപിച്ചത് സംബന്ധിച്ചും അവയുടെ പ്രവർത്തനം സംബന്ധിച്ചും കണക്കെടുപ്പ് നടത്താൻ പ്രധാനമന്ത്രി നിർദേശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രാദേശികമായി കണ്ടെയ്ൻമെന്റ് സോണുകളാക്കുക എന്ന രീതിയാണ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമെന്നും മോദി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ വീടുകളിലെത്തി പരിശോധന നടത്തുന്ന രീതി വ്യാപിപ്പിക്കണം. ഗ്രാമീണ മേഖലകളിൽ ഓക്‌സിജൻ വിതരണം ശരിയായി നടക്കുന്നുണ്ടോയെന്ന കാര്യം ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.