യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായതായി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായതായി വിദേശകാര്യ മന്ത്രാലയം. യുക്രൈനിൽ നിന്ന് 22,500 ലധികം ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിച്ചുവെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.
യുക്രൈൻ വിഷയത്തിൽ കേന്ദ്രസർക്കാർ ഉചിതമായാണ് ഇടപെട്ടത്. 76 സിവിലിയൻ വിമാനങ്ങൾ ഉൾപ്പെടെ 90 വിമാനങ്ങൾ ഓപറേഷൻ ഗംഗയിൽ പങ്കെടുത്തു. ഇന്ത്യ നിലകൊണ്ടത് സമാധാനത്തിന് വേണ്ടിയെന്ന് എസ് ജയശങ്കർ പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ച കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും എസ് ജയശങ്കർ അറിയിച്ചു.
അതേസമയം, അധിനിവേശത്തിന്റെ ഇരുപതാംദിനത്തിൽ യുക്രൈന്റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ . കരിങ്കടലിന്റെ നിയന്ത്രണം റഷ്യൻ സേന ഏറ്റെടുത്തു. ഇതോടെ യുക്രൈന്റെ കടൽവഴിയുള്ള അന്താരാഷ്ട്രവ്യാപാരം നിലച്ചു.
തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വൻ നഗരങ്ങൾ വൈകാതെ കീഴടക്കുമെന്ന് റഷ്യൻ പ്രതിരോധ വക്താവ് പറഞ്ഞു. കീവിലെ പാർപ്പിട സമുച്ചയത്തിനു നേരെ നടന്ന ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൈക്കലോവ്, ഖർകീവ്, ചെർണീവ്, അന്റോനോവ് വിമാന നിർമാണശാല എന്നിവിടങ്ങളിൽ വ്യോമാക്രമണമുണ്ടായി. റിൻ മേഖലയിൽ വ്യോമാക്രമണത്തിൽ ടിവി ടവർ തകർന്ന് 9 പേർ കൊല്ലപ്പെട്ടു. ഇതിനിടെ റഷ്യക്കെതിരെ ജപ്പാൻ കൂടുതൽ ഉപരോധം ഏർപ്പെടുത്തി. യുക്രൈനിൽ നിന്ന് ന്യൂസിലൻഡ് കൂടുതൽ പൗരൻമാരെ തിരിച്ചെത്തിക്കും.