രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗം പ്രാരംഭഘട്ടത്തില്‍: അതീവജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍
ചണ്ഡിഗഡ്: ഇന്ത്യ കൊറോണ വൈറസിന്റെ മൂന്നാംഘട്ടത്തിലാണെന്ന് പഠനം. കുട്ടികളില്‍ നല്ലൊരു ശതമാനത്തിലും കൊവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു. അതേ സമയം രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗ വ്യാപനത്തില്‍ ജാഗ്രത വേണമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2700 കുട്ടികളില്‍ ചണ്ഡിഗഡിലെ പിജിഐഎംഇആര്‍ നടത്തിയ ഒരു സെറോസര്‍വേയില്‍ 71 ശതമാനം കുട്ടികളിലും ആന്റിബോഡികള്‍ വികസിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 69 ശതമാനം മുതല്‍ 73 ശതമാനം വരെ കുട്ടികളില്‍ ആന്റിബോഡികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ശരാശരി 71 ശതമാനം സാമ്പിളുകള്‍ ആന്റിബോഡികള്‍ രൂപപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭ്യമല്ലെന്ന് നമുക്കറിയാം അതിനാല്‍ കോവിഡ് -19 അണുബാധ മൂലം ആന്റിബോഡികള്‍ വികസിച്ച് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന് കരുതരുതെന്നും പിജിഐഎംഇആര്‍ ഡയറക്ടര്‍ പറഞ്ഞു.
കോവിഡ് മൂന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് വൈകിയേക്കുമെന്നാണ് പിജിഐഎംഇആര്‍ ഡയറക്ടര്‍ ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും മാസ്‌ക് ധരിക്കാനും പൊതു സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടാതെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍, കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് എന്നീ മൂന്ന് കൊവിഡ് വാക്‌സിനുകളാണ് രാജ്യത്ത് നല്‍കുന്നത്. അതേ സമയം രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 2021 സെപ്റ്റംബര്‍ 13 ന് 75 കോടി പിന്നിട്ടിട്ടുണ്ട്. ഈ ദൗത്യത്തിന് ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. കൊവിഡ് വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ പേരില്‍ക്കൂടിയായിരുന്നു അഭിനന്ദനം.