Monday, January 6, 2025
National

‘നീറ്റ് എന്ന തടസ്സം ഇല്ലാതാകും, ഞാൻ ഒപ്പിടില്ല എന്ന് പറയുന്നവർ അപ്രത്യക്ഷമാകും’; ഉറപ്പ് നൽകി എംകെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ നിറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതിൽ വിദ്യാർത്ഥികളോടായി പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഏതാനും മാസങ്ങൾക്കകം രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും, നീറ്റ് എന്ന തടസം ഇല്ലാതാകുമെന്നും സ്റ്റാലിൻ വിദ്യാർത്ഥികൾക്ക് ഉറുപ്പുനൽകി. ആത്മഹത്യാ പ്രവണതകൾ ഉണ്ടാകരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു കാരണവശാലും ജീവനെടുക്കാൻ ഒരു വിദ്യാർത്ഥിയും തീരുമാനമെടുക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും. ഇതിനുള്ള നിയമപരമായ നടപടികൾക്കായി സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയ മാറ്റങ്ങൾ വരുമ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ നീറ്റ് എന്ന തടസ്സം ഇല്ലാതാകും. അപ്പോൾ, ‘ഞാൻ ഒപ്പിടില്ല’ എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും’ സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവർണർ ആർഎൻ രവിയുടെ പരാമർശത്തെ വിമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജ​ഗദീശ്വരനും അച്ഛൻ സെൽവശേഖറുമാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. നീറ്റിൽ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകൻ നിരാശയിൽ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാൻ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെൽവശേഖർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഗവർണർ ആർഎൻ രവിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഗവർണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിൻ വിമർശിച്ചു. ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ 2021-ലാണ് തമിഴ്നാട് സർക്കാർ നിയമസഭയിൽ പാസാക്കിയത്.

നീറ്റ് പരീക്ഷക്കെതിരെ തമിഴ്നാട് സർക്കാർ അവതരിപ്പിച്ച ബില്ലിൽ ഒപ്പിടില്ലെന്ന ഗവർണറുടെ പ്രസ്താവന പരിഹാസ്യമാണെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി എം സുബ്രമണ്യൻ. കുളം കലക്കി മീൻ പിടിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും ഗവർണർക്കിനിയൊന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാജൻ കമ്മിറ്റി നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകൾക്കുള്ള ഭാരിച്ച ചെലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാണെന്ന് കണ്ടെത്തിയിരുന്നു.

സാമൂഹിക നിതീ ഉറപ്പാക്കാനായാണ് കമ്മീഷന്‍റെ ശുപാർശകൾ ഉൾപ്പെടുത്തി പുതിയ ബിൽ തയ്യാറാക്കിയതെന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം. എന്നാൽ കേന്ദ്ര നിയമത്തിൽ വരുത്തുന്ന ഭേദഗതിയായതിനാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. എൻഡിഎ സഖ്യകക്ഷികൂടിയായ മുൻ എഐഎഡിഎംകെ സർക്കാർ അവതരിപ്പിച്ച സമാനമായ ബിൽ രാഷ്ട്രപതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *