Monday, April 14, 2025
National

സൗരാഷ്ട്ര -കച്ച് മേഖലകളിൽ റെഡ് അലേർട്ട്; തീരപ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത് പതിനായിരങ്ങളെ

ഗുജറാത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലും പാകിസ്താൻ തീരങ്ങളിലും നാളെ വൈകീട്ടോടെ ബിപോർജോയ് തീരം തൊടുമെന്നാണ് റിപ്പോർട്ട്. നിലവിൽ പോർബന്ദറിന് 350 കിമി അകലെ തെക്ക് പടിഞ്ഞാറൻ ദിശയിലാണ് ബിപോർജോയ്.

വ്യാഴാഴ്ച ചുഴലിക്കാറ്റ് കരതൊടുമ്പോൾ വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യതയാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഗുജറാത്ത് തിരത്തെ കാറ്റിലും മഴയിലും ഉണ്ടായ അത്യാഹിതങ്ങളിൽ ഇതുവരെ 5 പേർ മരിച്ചു.

ബിപർജോയ് കരതൊടുമ്പോൾ അത്യന്തം വിനാശകാരിയായിരിക്കും. മണിക്കൂറിൽ 125-135 കി.മീ വേഗതയിൽ കാറ്റ് വീശി അടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സാഹചര്യങ്ങൾ കൂടുതൽ പ്രതികൂലമായാൽ ബിപോർജോയ് 145-150 കി.മീ വരെ ശക്തിപ്രാപിക്കും. മരങ്ങൾ കടപുഴകി വീഴാനും പഴയ കോൺക്രീറ്റ് കെട്ടിടങ്ങൾക്കും താൽക്കാലിക നിർമിതികൾക്കും വൻനാശനഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അടുത്ത രണ്ടുദിവസത്തേക്ക് ഗുജറാത്തിൽ നിന്നുള്ള 67 ട്രെയിനുകൾ റദ്ദാക്കി. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവടങ്ങളിൽ ബിപർ ജോയ്ക്ക് മുന്നോടിയായി കടൽക്ഷോഭം രൂക്ഷമാണ്. ഗുജറാത്തിൽ വരും മണിക്കൂറുകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം വ്യക്തമാക്കി.

മോർബിയിൽ മണ്ണിടിഞ്ഞ് സിറാമിക്ക് ഫാക്ടറിയിലെ ജീവനക്കാരി രാംകന്യ മരിച്ചു. പോർബന്ധറിൽ കെട്ടിടം ഇടിഞ്ഞ് നരൻ ലോധർ എന്നയാൾക്ക് ജീവൻ നഷ്ടമായ്. ഭുജ് ടൗണിൽ ആറുവയസ്സുള്ള പെൺകുട്ടിയും നാലുവയസ്സുള്ള ആൺകുട്ടിയും മതിലിടിഞ്ഞു വീണ് മരണമടഞ്ഞു. രാജ്‌കോട്ടിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയും മരം വീണ് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *