പൗരത്വ നിയമ ഭേദഗതിക്കെതിരെ കുട്ടികളുടെ നാടകം: രാജ്യദ്രോഹക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി
കർണാടകയിൽ പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം അവതരിപ്പിച്ച വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. പൗരത്വ നിയമത്തിനെതിരെ ബീദറിലെ സ്കൂളിൽ വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചത് 2020 ലാണ്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചായിരുന്നു കുട്ടികളുടെ നാടകം അരങ്ങേറിയത്.
നാടകത്തിനെതിരെ എ.ബി.വി.പി നേതാവായ നീലേഷ് രക്ഷാലയയാണ് പരാതി നല്‍കിയത്. 2020 ജനുവരി 30ന് സ്കൂളിലെ പ്രധാന അധ്യാപികയെയും ഒരു വിദ്യാര്‍ഥിനിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തു. സെക്ഷന്‍ 504 (സമാധാനം തകര്‍ക്കല്‍), സെക്ഷന്‍ 505 (2) (സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍), 124 (എ) (രാജ്യദ്രോഹക്കുറ്റം) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
കുട്ടികളുടെ നാടകത്തിന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ വലിയ വിമർശനം ഉയര്‍ന്നിരുന്നു. പ്രധാനാധ്യാപികയ്ക്കും കുട്ടിയുടെ മാതാവിനുമെതിരായ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് ബിദർ സെഷൻസ് കോടതി നേരത്തെ ഉത്തരവിടുകയുണ്ടായി. മാനേജ്മെന്‍റ് പ്രതിനിധി ഉള്‍പ്പെടെ നാല് പേർക്കെതിരായ രാജ്യദ്രോഹക്കുറ്റത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇന്ന് വിധി വന്നത്.