രണ്ട് തക്കാളിയെടുത്ത് കറിയുണ്ടാക്കി; ഭർത്താവിനോട് പിണങ്ങിയ ഭാര്യ വീട്ടിൽ നിന്നിറങ്ങിപ്പോയി
രാജ്യത്ത് തക്കാളിയുടെ വിലക്കയറ്റം രൂക്ഷമാവുകയാണ്. ഇതിനിടെയാണ് തക്കാളി കറിവച്ചതിന്‍റെ പേരില്‍ ഭാര്യ ഭാര്യ പിണങ്ങിപോയെന്ന വിചിത്ര പരാതിയുമായി യുവാവ് രംഗത്തെത്തിയിരിക്കുന്നത്. കറിയിൽ തക്കാളിയുടെ എണ്ണം കൂടിപ്പോയതിന് ഭാര്യ ഭർത്താവിനോട് പിണങ്ങി വീടുവിട്ട് പോയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മധ്യപ്രദേശിലെ സഹോദാൽ ജില്ലയിലാണ് സംഭവം. സഞ്ജീവ് ബർമന് ടിഫിൻ സർവീസ് ആണ് ജോലി. ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളിയെടുത്ത് പാചകം ചെയ്തത് വഴക്കിലെത്തുകയായിരുന്നു. വില കൂടിയ തക്കാളി, ഭർത്താവ് തന്നോട് ചോദിക്കാതെ ഉപയോഗിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്.
ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാഗ്വാദം ഉണ്ടാകുകയും വഴക്കായി മാറുകയുമായിരുന്നു. പിന്നാലെ, മകളെയും കൂട്ടി ഭാര്യ വീട് വിട്ട് പോയതായും സഞ്ജീവ് പറയുന്നു. അവരെ കണ്ടുപിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടിയിരിക്കുകയാണ് യുവാവ്.
സഞ്ജീവ് പരാതി നൽകിയതായി പൊലീസ് സ്ഥിരീകരിച്ചു. മൂന്നു ദിവസമായി ഭാര്യയോട് സംസാരിച്ചിട്ടില്ലെന്നും അവരെവിടെയാണെന്ന് അറിയില്ലെന്നും സഞ്ജീവ് പറഞ്ഞതായി പൊലീസ് അറിയിച്ചു.