Saturday, October 19, 2024
National

ഒഡിഷ ട്രെയിൻ അപകടം; അഞ്ച് പേരെ സിബിഐ കസ്റ്റഡിയിലെടുത്തു

ഒഡിഷ ട്രെയിൻ അപകടത്തിൽ അഞ്ച് പേരെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തു. ബഹനഗ ബസാർ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ഗേറ്റ് മാൻ എന്നിവരടക്കം അഞ്ച് പേരാണ് കസ്റ്റഡിയിൽ ഉള്ളത്. ഒൻപത് റെയിൽവേ ഉദ്യോഗസ്ഥർ സിബിഐയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.
100 ഓളം പേരെ സിബിഐ സംഘം ഇതിനോടകം ചോദ്യം ചെയ്തു. നിലവിൽ പത്തംഗ സിബിഐ സംഘം ബാലസോറിൽ തന്നെ തുടരുകയാണ്.

ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി എന്ന സംശയത്തെ തുടർന്നാണ്, റെയിൽവേ അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അട്ടിമറിയെ കുറിച്ച് പരാമർശിച്ചിരുന്നില്ല.

IPC ചട്ടം 337, 338, 304A, റെയിൽവേ ചട്ടം 153, 154, 175 എന്നിവ അനുസരിച്ചാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. മരണത്തിന് ഇടയാക്കിയ അശ്രദ്ധ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിബിഎസ് സംഘം അപകടസ്ഥലം വീണ്ടും സന്ദർശിച്ച് പരിശോധന നടത്തും. അപകടം സംബന്ധിച്ച സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന റെയിൽവേ എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകിയിരുന്നു. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്.സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നും കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും വിയോജനകുറിപ്പിൽ പറയുന്നു.

ജൂൺ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്നത്. അപകടത്തിൽ 288 പേർ മരിക്കുകയും 1100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടം നടന്ന് 51 മണിക്കൂറിന് ശേഷം ഞായറാഴ്ച രാത്രി വൈകിയാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.

Leave a Reply

Your email address will not be published.