Thursday, January 9, 2025
National

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; എതിര്‍ നിയമനടപടികള്‍ വേണ്ടെന്ന് നെഹ്‌റു കുടുംബം

രാജീവ് ഗാന്ധി വധക്കേസിലെ നളിനി അടക്കമുള്ളവരെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ എതിര്‍ നിയമ നടപടികള്‍ വേണ്ടെന്ന് നെഹ്‌റു കുടുംബം. സോണിയാഗാന്ധി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ നിലപാടറിയിച്ചു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തില്‍ നെഹ്‌റു കുടുംബത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് ഇന്നലെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. സുപ്രിം കോടതിയില്‍ പുന:പരിശോധന ഹര്‍ജ്ജി സമര്‍പ്പിയ്ക്കുന്നതിലും താതപര്യമില്ലെന്ന് നെഹ്‌റു കുടുംബം വ്യക്തമാക്കി.

പ്രതികളുടെ മോചനം തടയാനുള്ള അടിയന്തിര നിയമ നടപടികളിലേക്ക് നെഹ്‌റു കുടുംബത്തിന്റെ നിലപാട് പരിഗണിച്ച് കോണ്‍ഗ്രസ് കടക്കില്ല.

നളിനി ശ്രീഹരന്‍, രവിചന്ദ്രന്‍, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് സുപ്രിംകോടതി ഉത്തരവോടെ ജയില്‍മോചിതരാകുക. 31 വര്‍ഷത്തെ ജയില്‍വാസം പ്രതികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് സുപ്രിംകോടതി ഉത്തരവ്. ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതികളുടെ മോചനത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ 2018ല്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് പരിഗണിച്ചിരുന്നില്ല. കേസില്‍ പ്രതിയായിരുന്ന പേരറിവാളനെ കഴിഞ്ഞ മെയ് മാസം മോചിപ്പിച്ചിരുന്നു.

1992 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഏഴ് പ്രതികളാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *