വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കില്‍; ബാങ്കുകളും പ്രതിസന്ധിയിലേക്ക്
വന്‍ നഷ്ടം നേരിട്ട് അടച്ചുപൂട്ടലിന്റെ വക്കിലായ വോഡഫോണ്‍ ഐഡിയയെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും രംഗത്ത്. വോഡഫോണ്‍ ഐഡിയയുടെ തകര്‍ച്ച സംഭവിച്ചാല്‍ ബാങ്കുകളെയും ഏറെ പ്രതികൂലമായി ബാധിക്കും.
എസ്ബിഐ അടക്കമുള്ള നിരവധി ബാങ്കുകള്‍ വിഐക്ക് നേരിട്ടുള്ള വായ്പകളും ബാങ്ക് ഗാരന്റിയും അനുവദിച്ചിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടിയാല്‍ ഇവയെ നിഷ്ക്രിയ ആസ്തിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവരും. നേരത്തെ രണ്ട് കമ്പനികളായിരുന്ന കുമാര്‍ മംഗലം ബിര്‍ളയുടെ ഐഡിയയും വോഡഫോണും ലയിച്ചാണ് വിഐയായി മാറിയത്. ആകെ 1.80 ലക്ഷം കോടിയുടെ ബാധ്യതയാണ് ടെലികോം മേഖലയിലെ മൂന്നാമത്തെ വലിയ കമ്പനിയായ വിഐക്കുള്ളത്. കേന്ദ്രസര്‍ക്കാരിന് സ്പെക്ട്രം കുടിശ്ശിക ഇനത്തില്‍ മാത്രം 50,000 കോടിയിലേറെ നല്‍കാനുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 11,000 കോടിയുടെ വായ്പയും ഗാരന്റിയുമാണ് വിഐയ്ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് ആകെ ബാലന്‍സ് ഷീറ്റിന്റെ 0.2 ശതമാനം മാത്രമേ വരൂ എന്നതിനാല്‍ എസ്ബിഐയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കില്ല. എന്നാല്‍ മധ്യനിര, ചെറുകിട ബാങ്കുകളുടെ സ്ഥിതി ഇതല്ല.