പ്രളയത്തിൽ മുങ്ങി തെക്കൻ ഗുജറാത്ത്, 24 മണിക്കൂറിനിടെ ഏഴ് മരണം; മഹാരാഷ്ട്രയിലും മഴക്കെടുതി
ദില്ലി: പ്രളയത്തിൽ മുങ്ങി തെക്കൻ ഗുജറാത്തിലെ ജില്ലകൾ. 24 മണിക്കൂറിനിടെ ഏഴ് പേർ മഴക്കെടുതിയിൽ മരിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി വിലയിരുത്തി. മഹാരാഷ്ട്രയിലും മഴക്കെടുതിയിൽ വൻ നാശ നഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്
അംബികാ നദി കരകവിഞ്ഞപ്പോൾ കുടുങ്ങിപ്പോയ 16 രക്ഷാ പ്രവർത്തകരെയാണ് കോസ്റ്റ് ഗാർഡ് എയര്‍ ലിഫ്റ്റ് ചെയ്തത്. വൽസാഡ് ജില്ലയിലാണ് സംഭവം നടന്നത്. അയൽ ജില്ലകളിലും ദുരിത കാഴ്ചകൾ സമാനമാണ്. നർമ്മദാ ജില്ലയിൽ ഇന്നലെ 440 മില്ലീമീറ്ററിലധികം മഴയാണ് പെയ്തിറങ്ങിയത്. അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നവ്സാരി, ഛോട്ടാ ഉദേപൂർ, രാജ്കോട്ട് തുടങ്ങിയ ജില്ലകളിലെല്ലാം അടുത്ത മൂന്ന് ദിനം കൂടി തീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. പതിനായിരത്തിലേറെ പേരെ ഇതിനോടകം മാറ്റിപാർപ്പിച്ചു. 500ലേറെ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. സംസ്ഥാനത്ത് ജൂൺ 1 മുതൽ മഴക്കെടുതിയിൽ 63 പേരാണ് മരിച്ചത്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയാണ് മഴകനക്കാൻ കാരണം.
മഹാരാഷ്ട്രയിലെ നാസിക്കിൽ ഗോദാവരി നദി കരകവിഞ്ഞതോടെ ക്ഷേത്രങ്ങൾ വെള്ളത്തിനടിയിലായി. കിഴക്കൻ മഹാരാഷ്ട്രയിലെ ഗച്ച് റോളിയിൽ പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസും നേരിട്ട് സന്ദർശിച്ചു. പൂനെ,കോലാപ്പൂർ, രത്നഗിരി, സിന്ധുദുർഗ് തുടങ്ങിയ ജില്ലകളിൽ രണ്ട് ദിനം കൂടി റെഡ് അലർട്ട് തുടരും. 24 മണിക്കൂറിനിടെ 5പേർ കൂടി മഴക്കെടുതിയിൽ മഹാരാഷ്ട്രയിൽ മരിച്ചു.