മതപരമായ ആഘോഷങ്ങൾക്കും ടൂറിസത്തിനുമൊക്കെ കുറച്ചുകൂടി കാത്തിരിക്കണം; വിട്ടുവീഴ്ച പാടില്ലെന്ന് ഐഎംഎ
കൊവിഡിന്റെ മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൊവിഡ് നിയന്ത്രണത്തിൽ വിട്ടുവീഴ്ച വരുത്തരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രാജ്യത്തെ പലയിടുത്തും അധികൃതരും പൊതുജനങ്ങളും കൊവിഡ് മാനദണ്ഡങ്ങളിൽ കാണിക്കുന്ന അലംഭാവത്തിൽ ഐഎംഎ ആശങ്ക പ്രകടിപ്പിച്ചു
ആഗോളതലത്തിൽ ലഭ്യമായ തെളിവുകളും ചരിത്രവും പരിശോധിച്ചാൽ ഏതൊരു മഹാമാരിക്കും മൂന്നാം തരംഗം ഉറപ്പാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ തോതിൽ കൂട്ടംചേരുന്നത് വേദനാജനകമാണെന്നും ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു.
വിനോദ സഞ്ചാരം, തീർഥാടനം, മതപരമായ ആഘോഷങ്ങൾ എന്നിവയെല്ലാം ആവശ്യമാണ്. എന്നാൽ ഇവയെല്ലാം അനുവദിക്കാൻ കുറച്ചു മാസങ്ങൾ കൂടി കാത്തിരിക്കണം. ഇത്തരമിടങ്ങളിൽ വാക്‌സിൻ എടുക്കാതെ ആളുകൾ കൂട്ടമായെത്തുന്നത് കൊവിഡ് മൂന്നാംതരംഗത്തിന്റെ സൂപ്പർ സ്‌പ്രെഡിന് ഇടയാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.