കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീറ്റ് പരീക്ഷ നടത്തും
ന്യൂഡൽഹി: ഇത്തവണത്തെ നീറ്റ് പരീക്ഷ സെപ്തംബർ 12 ന്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീറ്റ് പരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ചൊവ്വാഴ്ച (ജൂലായ് 13) വൈകീട്ട് അഞ്ചു മുതൽ പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 198 ആയി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താനാണ് പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചത്.
എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും വിദ്യാർഥികൾക്ക് മാസ്‌ക് നൽകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. പരീക്ഷ ഹാളിലേക്ക് കടക്കാനും പുറത്തുപോകാനും സമയക്രമം നിശ്ചയിക്കും. സാനിറ്റൈസർ, സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.